മിന്നാടം ഇന്നൊവേറ്റീവ് ലേണിങ് സ്പേസ് ഫോർ പെർഫോമൻസിന്റെ ചിത്രകലാ ക്യാമ്പാണ് വേറിട്ട ചിത്രചിന്തയായത്
നിറയെ നിറങ്ങളുള്ള വീട്

ചിത്രം വരച്ച വീടിനു മുന്നിൽ മിന്നാടത്തിലെ കലാകാരന്മാർ

സായൂജ് ചന്ദ്രൻ
Published on Jun 20, 2026, 12:03 AM | 1 min read
പാലക്കാട്
ചുവരിൽ വിരിഞ്ഞു പൂക്കളും പുഴകളും പൂങ്കിനാക്കളും. പാലക്കാട് പുതുപ്പരിയാരത്തെ സായൂജ്–സജിനി ദമ്പതികളുടെ വീട് ചിത്രങ്ങളാൽ സമൃദ്ധം. മിന്നാടം ഇന്നൊവേറ്റീവ് ലേണിങ് സ്പേസ് ഫോർ പെർഫോമൻസിന്റെ ചിത്രകലാ ക്യാമ്പാണ് വേറിട്ട ചിത്രചിന്തയായത്. ചിത്രം വരയ്ക്കാനെത്തിയവർക്ക് തുണിയും പേപ്പറുകളുമില്ല, വിശാലമായ വീട്ടുചുവർ മാത്രം. ചിത്രകലാ ക്യാമ്പ് ഒന്നിനാണ് ആരംഭിച്ചത്. ചിത്രകാരന്മാരുടെ കൂട്ടായ്മ ലോസ്റ്റ് കിഡ്സ് ഗ്യാരേജിലെ സ്റ്റെനു സ്റ്റാലിൻ, ഗോവിന്ദ്, അസ്ലം, ആദർശ്, ഷാന്റൊ, സൂരജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. നാട്ടിലെ കുട്ടികളും കൂടെച്ചേർന്നപ്പോൾ ദിവസങ്ങൾക്കുള്ളിൽ ചിത്രങ്ങളുടെ മേളം. പ്രത്യേകം ആശയങ്ങളോ കഥകളോ ചിത്രങ്ങൾക്കില്ല. വരയ്ക്കുന്നയാളുടെ ഭാവനകളും വരയ്ക്കുന്ന നിമിഷം നേരിട്ടുകണ്ട കാഴ്ചകളുമാണ്. മിന്നാടത്തിലെ വളർത്തുനായ തുണ്ട്രുവും പറമ്പിലൂടെ കൊത്തിനടന്ന കോഴിയും കുഞ്ഞുങ്ങളുമെല്ലാം ചുവരിലുണ്ട്. ജോലിസംബന്ധമായി പാലക്കാട്ടെത്തിയ സംഗീതാധ്യാപിക സജിനിയും ബിസിനസുകാരനായ സായൂജും 2021ലാണ് വീടിനോടുചേർന്ന് കലാകൂട്ടായ്മ തുടങ്ങിയത്. സമൂഹത്തിൽ വെളിച്ചമാകാൻ തുടങ്ങിയ നീക്കത്തിന് മിന്നാടമെന്ന പേരുമിട്ടു. കലാരംഗം കൂടുതൽ ജനകീയമാക്കുകയും പുതിയ തലമുറയെ കലയിലൂടെ ഒത്തുചേർക്കലുമായിരുന്നു ലക്ഷ്യം. നാടക സംവിധായകൻ അലിയാർ അലിയും കലാകാരൻമാരായ സുഹൃത്തുക്കളും ചേർന്നപ്പോൾ കലാലോകം കൂടുതൽ തെളിഞ്ഞു. നാടക, ചിത്രകലാ ക്യാമ്പുകൾ, സിനിമ, നാടക പ്രദർശനം, പാവനാടകം, പാട്ടുകൂട്ടം എന്നിങ്ങനെ നിരവധി പരിപാടികൾക്ക് ചുരുങ്ങിയ കാലത്തിനുള്ളിൽ വേദിയായി. നാട്ടിലെ കുട്ടികളെയും മുതിർന്നവരെയും കൂടാതെ പുറമെനിന്നുള്ളവരും മിന്നാടത്തിലെ പരിപാടികൾക്കെത്തി. ആറുവർഷമായി തുടരുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പും നാടകാവതരണവും ഇത്തവണയും ശ്രദ്ധയാകർഷിച്ചു. കൂടാതെ മിന്നാടത്തിന്റെയും സ്പോട്ടീവ് തിയറ്ററിന്റെയും മേൽവിലാസത്തിൽ വിവിധ നാടകങ്ങളും പലയിടങ്ങളിലായി അരങ്ങിലെത്താറുണ്ട്. അന്തരിച്ച നാടക കലാകാരൻ ശേഖരീപുരം മാധവന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടി വാമൊഴിയാട്ടവും ചിത്രകലാ ക്യാമ്പിന്റെ സമാപനവും ശനി വൈകിട്ട് 6.30ന് നടക്കും.









0 comments